ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ സിബിഐ അന്വേഷണം ദേശീയ പരീക്ഷാ ഏജൻസിയിലെ (എൻടിഎ) ഉദ്യോഗസ്ഥരിലേക്കും.
പരീക്ഷാ നടപടിക്രമങ്ങൾക്കുവേണ്ടി എൻടിഎ നിയമിച്ച വിദഗ്ധയായ ബോട്ടണി അധ്യാപിക മനീഷ ഗുരുനാഥ് മന്ധാരെ കഴിഞ്ഞദിവസം അറസ്റ്റിലായതിനു പിന്നാലെയാണ് ചോദ്യപേപ്പർ തയാറാക്കിയ എൻടിഎ സമിതിയിലേക്കും അന്വേഷണം നീളുന്നത്. ചോദ്യപേപ്പർ തയാറാക്കിയ സമിതിയും എൻടിഎയിലെ മുതിർന്ന ഉദ്യോഗസ്ഥരും നിരീക്ഷണത്തിലാണെന്ന് സിബിഐ വൃത്തങ്ങൾ അറിയിച്ചുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ചോദ്യപേപ്പറുകൾ അങ്ങനെതന്നെ ചോരുന്നതിനു പകരം ‘ഗസ് പേപ്പറുകൾ’ എന്നറിയപ്പെടുന്ന കൈയെഴുത്ത് രേഖകളിലൂടെ പരീക്ഷയ്ക്കു വരുന്ന ചോദ്യങ്ങൾ വിദ്യാർഥികൾ മുൻകൂട്ടി ഊഹിച്ച് ഉണ്ടാക്കിയതെന്നപോലെ തട്ടിപ്പ് നടത്തിയായിരുന്നു ഈ വർഷത്തെ നീറ്റ് പരീക്ഷയിൽ ക്രമക്കേടുകൾ.
ഏകദേശം 410 ചോദ്യങ്ങളടങ്ങിയ ഈ ‘ഗസ് പേപ്പറി’ലെ 120 ചോദ്യങ്ങൾ അതേപടി പരീക്ഷയിൽ വന്നിരുന്നുവെന്ന് കേസ് ആദ്യം അന്വേഷിച്ച രാജസ്ഥാനിലെ പ്രത്യേക പോലീസ് സംഘം കണ്ടെത്തിയപ്പോൾത്തന്നെ തട്ടിപ്പിൽ പരീക്ഷാ നടത്തിപ്പിനു സഹായിച്ചവർ ഉൾപ്പെട്ടിട്ടുണ്ടെന്ന അഭ്യൂഹം ശക്തമായിരുന്നു. ചോദ്യപേപ്പർ തയാറാക്കുന്ന സമിതിയിൽ ഉൾപ്പെട്ടിരുന്ന കെമിസ്ട്രി, ബോട്ടണി വിഷയങ്ങളിലെ വിദഗ്ധരായ പി.വി. കുൽക്കർണി, മനീഷ മന്ധാരെ എന്നിവരെ കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റ് ചെയ്തതോടെയാണു ചോർച്ചയിൽ എൻടിഎയുടെ ഉള്ളിലുള്ളവരിലേക്കും അന്വേഷണമെത്തുന്നത്.
തട്ടിപ്പിനു പിന്നിൽ വിപുലമായ ശൃംഖല
അതേസമയം, പരീക്ഷാ നടത്തിപ്പിന് നിയോഗിക്കപ്പെട്ടവരും ഇടനിലക്കാരും വിതരണക്കാരും അടങ്ങുന്ന വിപുലമായ ശൃംഖല തട്ടിപ്പിനു പിന്നിലുണ്ടെന്നാണ് അന്വേഷണസംഘം കോടതിയെ അറിയിച്ചിരിക്കുന്നത്. ചോദ്യപേപ്പര്‍ തയാറാക്കുന്നതിന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി നിയോഗിച്ച വിദഗ്ധരാണു ചോദ്യാവലി കൈവശപ്പെടുത്തിയതെന്ന് അന്വേഷണസംഘം പറയുന്നു.
വിദഗ്ധ അധ്യാപിക എന്ന പരിഗണനയിലാണ് അറസ്റ്റിലായ പൂനയിലെ പ്രഫസര്‍ മനീഷ ഗുരുനാഥ് മന്ധാരെയെ ചോദ്യപേപ്പര്‍ തയാറാക്കുന്ന ജോലിക്കായി എന്‍ടിഎ നിയോഗിച്ചത്. പദവി ദുരുപയോഗം ചെയ്ത ഇവര്‍ ബയോളജി, ബോട്ടണി ചോദ്യങ്ങൾ പരിശോധിച്ചു. കെമിസ്ട്രി ചോദ്യപേപ്പര്‍ കൈവശപ്പെടുത്തിയ പി.വി. കുൽക്കർണി എന്ന അധ്യാപകനും ചോദ്യപേപ്പര്‍ തയാറാക്കുന്ന വിദഗ്ധസംഘത്തിൽ ഉണ്ടായിരുന്നു.
മനിഷ മന്ധാരെയും അറസ്റ്റിലായ മനീഷ് വാഗ്മറെയും ഒരേ ഹൗസിംഗ് സൊസൈറ്റിയിലാണു താമസിച്ചിരുന്നത്. ഇരുവരും പലപ്പോഴും കൂടിക്കാഴ്ച നടത്താറുണ്ടെന്ന മൊഴി അന്വേഷണസംഘം കോടതിയിൽ നൽകിയിട്ടുണ്ട്.
കഴിഞ്ഞ ഏപ്രിലിൽ മനീഷ മന്ധാരെ സ്വന്തം താമസസ്ഥലത്തു നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ട്യൂഷന് സംഘടിപ്പിച്ചിരുന്നു. മനീഷ് വാഗ്മറെയാണ് ഇതിനായി വിദ്യാര്‍ഥികളെ എത്തിച്ചുനൽകിയത്. വലിയ തുക പ്രതിഫലം വാങ്ങിയായിരുന്നു ക്ലാസ്. ഇതിലാണു ബോട്ടണി, സുവോളജി വിഷയങ്ങളിലെ ചോദ്യങ്ങള്‍ വിദ്യാര്‍ഥികള്‍ക്കു പറഞ്ഞുനല്കിയത്. ചോദ്യപേപ്പര്‍ പ്രിന്റ് ചെയ്തു നൽകാത്തത് ബുദ്ധിപൂർവമായിരുന്നുവെന്ന് അന്വേഷണസംഘം കരുതുന്നു.
ഈ സംഘത്തിലെ മറ്റൊരു പ്രധാന കണ്ണിയാണ് അറസ്റ്റിലായ ആയുര്‍വേദ ഡോക്ടര്‍ ധനഞ്ജയ് ലോകഹണ്ടെ. പൂനയിലെ വിവിധ പരിശീലനകേന്ദ്രങ്ങളില്‍ ചോദ്യാവലി എത്തിച്ചത് ഇയാളാണെന്നാണ് അന്വേഷണസംഘം പറയുന്നത്.
കേന്ദ്ര വിദ്യാഭ്യാസമന്ത്രി രാജിവയ്ക്കണം: രാഹുൽ ഗാന്ധി
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുടെ ഉത്തരവാദിത്വമേറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി.
2024ലും സമാനമായ ചോർച്ച നടന്നുവെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനെ എന്തുകൊണ്ട് സ്ഥാനത്തുനിന്ന് നീക്കംചെയ്യുന്നില്ലെന്നു ചോദിച്ച രാഹുൽ ഗാന്ധി, രാജ്യം ചോദിക്കുന്ന ചോദ്യങ്ങൾക്കു പ്രധാനമന്ത്രി മറുപടി പറയണമെന്നും ആവശ്യപ്പെട്ടു. എന്തുകൊണ്ടാണ് ചോദ്യപേപ്പർ ചോർച്ചകൾ തുടർച്ചയായി സംഭവിക്കുന്നതെന്നും ഈ ചോദ്യപേപ്പർ ചർച്ചയിൽ പ്രധാനമന്ത്രി എന്തുകൊണ്ടാണ് നിശബ്ദനായിരിക്കുന്നതെന്നും രാഹുൽ ചോദിച്ചു.